വാലൻന്റൈൻ ദിനത്തിൽ തമിഴ് നാട്ടിൽ റിലീസ് ആയി ഒരു ഹിറ്റായി മാറിയ സിനിമയാണ് ഓ മൈ കടവുളേ.. ഒരാഴ്ച കഴിഞ്ഞാണ് കേരളത്തിൽ റിലീസ് ആയിരിക്കുന്നത്. നമ്മൾ ഇതിനുമുൻപ് ജെയിംസ് ആൻഡ് ആലീസ് എന്ന പടത്തിൽ കണ്ട അതേ തീം തന്നെയാണ് ഈ സിനിമയിലും. ദൈവം നേരിട്ട് നായകന് ഒരു സെക്കൻഡ് ചാൻസ് കൊടുക്കുകയാണ്. തന്റെ ജീവിതത്തിൽ സംഭവിച്ച തെറ്റുകൾ തിരുത്താനും നല്ല തീരുമാനങ്ങൾ എടുക്കാനും ഉള്ള ഒരു സുവർണ്ണാവസരം! ഡിവോഴ്സ് വാങ്ങാൻ കോടതിയിൽ എത്തുന്ന നായകന്റെ ഒരു ദിവസം ആണ് സിനിമ പറയുന്നത്. രണ്ടര മണിക്കൂർ ഒട്ടും ബോറടിക്കാതെ സിനിമ നമ്മെ എൻഗേജ് ചെയ്യിക്കുന്നുണ്ട്.

⚡️The Good – ഒരു റൊമാന്റിക് ഫാന്റസി എന്ന നിലയിലാണ് കഥ നീങ്ങുന്നത്. കോമഡി എലെമെന്റുകൾ അധികം തന്നെ ഇല്ല എങ്കിലും സിനിമ നന്നായി എൻഗേജ് ചെയ്യിക്കുന്നുണ്ട്. റിതിക സിംഗ് നല്ലൊരു പെർഫോമർ ആണെന്ന് ഈ സിനിമ വീണ്ടും തെളിയിക്കുന്നു. ഈ സിനിമയുടെ വിജയം റിതികയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകട്ടെ. അശോക് സെൽവൻ ഇത്രയും ഭംഗിയായി വേറെ സിനിമയിൽ വന്നിട്ടില്ല എന്ന് തോന്നുന്നു. വിജയ് സേതുപതിയുടെ കൂടെയുള്ള ചില സീനുകളിലെ ഓവർ ആക്ടിങ് ഒഴിച്ച് നിർത്തിയാൽ നല്ല പ്രകടനം ആയിരുന്നു.

സിനിമയുടെ ഇമോഷൻ കൃത്യമായി പ്രേക്ഷകനുമായി കണക്റ്റ് ചെയ്യിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ ഒരൊറ്റ ഡ്രാമ സീനും മെലോഡ്രാമ ആകുന്നില്ല. നല്ല പാട്ടുകൾ ഇടയ്ക്കിടെ മോന്റേജ് ആയി വന്നു പോകുന്നു. ഒരു സില്ലി സിംപിൾ പ്ലോട്ട് ആയിട്ട് കൂടി കഥാപാത്രങ്ങളുടെ കൂടെ നിൽക്കാൻ നമുക്ക് ആകുന്നുണ്ട്. വാണി ഭോജന്റെ കഥാപാത്രവും അതിൽ കൂടിയുള്ള GVM റെഫറൻസുകളും ബൈക്ക് റൈഡും ആലപ്പുഴ ബാക്‌വാട്ടറും എല്ലാം ഒരു രസം തന്നെ ആയിരുന്നു.

ചുമ്മാ വന്നു ഒച്ചവെച്ചു പോകുന്ന ഒരു കഥാപാത്രം ആകാതെ ഷാരായ്ക്ക് നല്ലൊരു കഥാപാത്രത്തെ നൽകിയതിനും നന്ദി. ഒരുപക്ഷെ പുള്ളിയുടെ കരിയർ ബെസ്റ്റ് റോൾ ഇതാകും. ആദ്യപകുതിയിലെ ചില കാര്യങ്ങൾക്ക് രണ്ടാമത്തെ പകുതിയിൽ നല്ല ഡീറ്റൈലിംഗ് കൊടുത്ത വിധം നന്നായിരുന്നു.

⚡️The Bad – ട്രെയിലറിൽ കാണുന്ന പോലെ തന്നെ, നമ്മൾ ഊഹിക്കുന്ന രീതിയിൽ തന്നെ കഥ പോകുന്നു എന്ന് ഒരു കുറ്റം വേണേൽ പറയാം. ഈയൊരു കുറവ് പ്രതീക്ഷിച്ചു കൊണ്ട് തന്നെ സിനിമ കണ്ടതിനാൽ അതൊന്നും എഫെക്ട് ചെയ്യുന്നില്ല.

⚡️Engaging Factor – രണ്ടര മണിക്കൂർ നീളമുള്ള ഒരു സിനിമ ആയിട്ടും നമുക്ക് എവിടെയും ബോറടിക്കുന്നില്ല എന്നതാണ് സത്യം.

⚡️Verdict – തിയേറ്ററിൽ കണ്ടു എൻജോയ് ചെയ്യാനുള്ള നല്ലൊരു സിനിമ. നല്ല തമിഴ് സിനിമ എന്നൊരു സംഗതി ഈ വർഷം പിറന്നതിൽ പിന്നെ വന്നിട്ടില്ല. ആ ഒരു കുറവ് ഈ സിനിമ നികത്തികൊള്ളും.