കിം കി ഡുകിന്റെ ഡ്രീം (2008) എന്ന ചിത്രത്തിലെ സിമ്പോളി സം കണ്ടെത്താനായി മാത്രം മുന്നിലേറെ തവണ ചിത്രം കാണേണ്ടതായി വരും. ഓരോ തവണ കാണുമ്പോഴും ഓരോരോ സൂചനകൾ തരുന്നു. പ്രേക്ഷകൻ എന്ന നിലയിൽ തീർച്ചയായും കൺഫ്യൂഷൻ വരുമെന്നതിൽ സംശയമില്ല. വർഷം ഓരോ ചിത്രം എന്ന രീതിയാണ് കിമ്മിന് . അതിനാൽ തന്നെ തന്റെ ചിത്രങ്ങൾക്കായി ധാരാളം റിസർച്ച് ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു എന്ന് വേണം അനുമാനിക്കാൻ . 

ഡ്രീം പറയുന്നത് ജിനിന്റെയും റാനിന്റെയും കഥയാണ്. ജിൻ കാണുന്ന സ്വപ്നങ്ങൾ യഥാർത്ഥത്തിൽ നടക്കുകയും അത് റാനിന്റെ ശരീരത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത. അതായത് ജിൻ സ്വപ്നം കാണുന്നത് എന്താണോ, അത് റാനിന്റെ ശരീരം പ്രവർത്തിക്കും. എന്നാൽ ഈ കാര്യങ്ങൾ ഒന്നും തന്നെ റാനിന്റെ ഉണർന്നിരിക്കുന്ന മനസ്സ് അറിയുന്നില്ല 

മാത്രമല്ല.. രണ്ടു പേരും ഒരേ സമയം ഉറങ്ങിയാൽ മാത്രമേ ഈ പ്രവൃത്തി നടക്കു… റാനിന്റെ ജീവിതം കൂടുതൽ അപകടത്തിലേക്ക് പോകാതിരിക്കാനായി ജിൻ സ്വപ്നം കാണാതിരിക്കാൻ തന്നാലാകും വിധം ഉറങ്ങാതിരിക്കാൻ ശ്രമിക്കുന്നു. ഇവരുടെ രണ്ടാളുടേയും പ്രശ്നങ്ങൾ മാറാനായി പരസ്പരം പ്രണയിച്ചു കൂടേ എന്ന ചോദ്യത്തിന് 2 പേരും തൃപ്തികരമായ മറുപടിയില്ല നൽകുന്നത്. കാരണം റാൻ കാമുകനുമായി ഈയിടെ പിരിഞ്ഞവളും ജിൻ കാമുകിയെ മറക്കാൻ സാധിക്കാതെ വിരഹത്താൽ ദു:ഖിക്കുന്നവനുമാണ്. 

സ്വപ്നത്തിൽ താൻ കാമുകിയുമായി ചെയ്യുന്നതെല്ലാം റാൻ മനസ്സറിയാതെ പിരിഞ്ഞ കാമുകനുയായി ചെയ്യേണ്ടി വരുന്നു എന്നറിയുന്ന നിമിഷം ജിൻ ഉറക്കം തടയാനായി സൂചി തലയിൽ കുത്തിയിറക്കുകയും ചുറ്റികയാൽ കാലു വേദനിപ്പിക്കുകയും ചെയ്യുന്നത് കിമ്മിന്റെ സ്വതസിദ്ധമായ വയലൻസ് രംഗങ്ങൾ കാണാം. 

ഒടുവിൽ തമ്മിൽ പ്രണയിച്ചാൽ മാത്രമേ ഇതിനൊരു അവസാനമുള്ളൂ എന്ന് ചിന്തിക്കുന്നിടത്ത് ഇരുവരും പ്രകടിപ്പിക്കുന്ന വികാരത്തെ പ്രണയത്തേക്കാൾ ശ്രേഷ്ഠമെന്നേ വിശേഷിപ്പിക്കാൻ കഴിയുന്നുള്ളൂ..

ജിൻ പറയുന്ന ഭാഷ ജാപ്പനീസും റാൻ പറയുന്നത് കൊറിയനുമാണെന്ന് വൈകിയാണ് മനസ്സിലായത്. ഇംഗ്ലീഷ് സബ്ടൈറ്റിലിലൂടെ മാത്രം ഏഷ്യൻ ചിത്രങ്ങൾ കാണുന്ന എനിക്ക് ആദ്യ കാഴ്ചയിൽ അത് മനസ്സിലാക്കാനായില്ല. 
ഫിക്ഷനും റിയാലിറ്റിയും സമാസമം ചേർത്ത കിമ്മിന്റെ ഈ സൃഷ്ടി എല്ലാത്തരം പ്രേക്ഷകരേയും ഉദ്ദേശിച്ച ഒന്നല്ല എങ്കിലും ആരേയും പൂർണ്ണമായും നിരാശരാക്കില്ല എന്നുറപ്പ്.